Pages

Ads 468x60px

.

Friday, January 18, 2013

റോമന്‍സ് : കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ കൂട്ടുകെട്ടിന് മറ്റൊരു "പൂമാല"


ദാസനും വിജയനും എന്ന പേരില്‍ മോഹന്‍ ലാലും ശ്രീനിവാസനുമായിരുന്നു ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് സുഹൃദ് ജോഡികളെങ്കില്‍ ഈ ന്യൂ ജനറേഷന്‍ കാലഘട്ടത്തില്‍ മലയാളി യുവത്വത്തെ കീഴടക്കുന്ന സുഹൃദ് ജോഡികള്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനുമാണ് എന്നത് അടിവരയിടുന്നതാണ് റോമന്‍സ് എന്നാ സിനിമയിലെ ഇരുവരുടെയും കൂട്ടു കെട്ടിന്റെ വിജയം വ്യക്തമാക്കുന്നത്. സീനിയേഴ്സിലും, മല്ലു സിംഗിലും, 101 വെഡ്ഡിംഗിലൂമെല്ലാം ഈ കൂട്ടു കെട്ട് നമുക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും ഓര്‍ഡിനറിയിലെ ഇരുവരുടെയും രസതന്ത്രമാണ് പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിച്ചത്. അത് കൊണ്ട് തന്നെ റോമന്‍സ് എന്ന സിനിമയിലും ഓര്‍ഡിനറിയോട് കിട പിടിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമാണെന്ന് പറയാനാവില്ല.

 കേരളത്തിനും തമിഴ്നാടിനുമിടയിലുള്ള പൂമാല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് റോമന്‍സിന്റെ കഥ നടക്കുന്നത്. തടവു പുള്ളികളായ കുഞ്ചാക്കോ ബോബന്റെയും ബിജു മേനോന്റെയും കഥാപാത്രങ്ങള്‍ സാഹചര്യവശാല്‍ പൂമാല ഗ്രാമത്തില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പള്ളിപ്പെരുന്നാള്‍ നടത്താനായി റോമില്‍ നിന്നും വരുന്ന പള്ളിയിലച്ചന്മാരായി ആള്‍മാറാട്ടം നടത്തുന്നതോട് കൂടിയാണ് കഥ ആരംഭിക്കുന്നത്. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ മിമിക്രി താരങ്ങളിലൂടെ കോമഡി വാഴ്ച നടത്തിയ ഒട്ടു മിക്ക ചിത്രങ്ങളിലും ആള്‍മാറാട്ടക്കഥകളാണ് പ്രേക്ഷകരെ രസിപ്പിച്ചതെന്ന കച്ചവട തന്ത്രം തന്നെയാണ് ഈ ന്യൂ ജനറേഷന്‍ എന്ന് കെട്ടിഘോഷിക്കപ്പെടുന്ന കാലഘട്ടത്തിലും ഇതിവൃത്തമായി വന്നത് എന്നത് കൊണ്ട് തന്നെ റോമന്‍സിന്റെ കഥക്ക് പുതുമകളൊന്നും തന്നെ അവകാശപ്പെടാനില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് മലയാളികള്‍ വിജയിപ്പിച്ച കൃസ്തീയ പശ്ചാതലത്തില്‍ വന്ന ഒരു സിനിമയുടെ കഥാ സന്ദര്‍ഭങ്ങളുമായി റോമന്‍സിന് സാദൃശ്യം തോന്നിയാല്‍  ആരെയും കുറ്റം പറയാനാവില്ല.


ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞ് നില്‍ക്കുന്നത് റോമന്‍സായെത്തുന്ന ബിജു മേനോന്റെയും കുഞ്ചാക്കോ ബോബന്റെയും ഫാദര്‍ സെബുവും ഫാദര്‍ പോളുമാണ്.  " എല്ലാമറിഞ്ഞിട്ടും " ( ഇതാണ് ഈ സിനിമയില്‍ ഏറ്റവും കൂതുതല്‍ ഉപയോഗിക്കുന്ന വാക്ക്. ഇത് തന്നെയാണ് സിനിമയില്‍ സസ്പെന്‍സ് നിലനിര്‍ത്താനായി പലപ്പോഴായി ഉപയോഗിക്കുന്ന ഹുക്ക് പോയിന്റ് ) പള്ളിപ്പെരുന്നാള്‍ നടത്താനായി ഗ്രിഗറിയച്ചന്റെ നിര്‍ദ്ദേശപ്രകാരം പൂമാല ഗ്രാമത്തിലെത്തുന്ന റോമന്‍സിന് നേരിടേണ്ടി വരുന്ന പ്രതി സന്ധികളും അവ നേരിടാന്‍ ഇവര്‍ പ്രയോഗിക്കുന്ന " മന്ത്ര വിദ്യകളും " രസകരമായും സ്വല്പം ഉദ്വേഗം നില നിര്‍ത്തിയും അവതരിപ്പിക്കുക വഴി റോമന്‍സ് പ്രേക്ഷകരെ തീര്‍ച്ചയായും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കാരണം കുഞ്ചാക്കോ ബോബന്‍- ബിജുമേനോന്‍ ഹിറ്റ് ജോഡിയുടെ തകര്‍പ്പന്‍ പ്രകടനമാണെന്നത് നിസ്സംശയം പറയാവുന്നതാണ്.

റോമന്‍സിനെ കൗശലക്കാരും വിരുതന്മാരുമയ വിജയികളാക്കാന്‍ വേണ്ടി മറ്റു കഥാ പാത്രങ്ങളെ മണ്ടന്മാരാക്കിയതില്‍( റോമന്‍സ് തന്നെ പൂമാല ഗ്രാമക്കാരെ മണ്ടന്മാരെന്ന് പറയുന്നത് ഇത് സാക്ഷ്യപ്പെടുത്തുന്നു) പാത്ര സൃഷ്ടിയില്‍ തിരക്കഥാകൃത്തിന് വന്ന പിഴവായി കാണാവുന്നതാണ്. എന്നാല്‍ പൂമാലയിലെ മണ്ടന്മാര്‍ക്കിടയില്‍ ടിജി രവിയുടെയും ലാലു അലക്സിന്റെയും കഥാപാത്രങ്ങളെ അവരുടെ ഉജ്വലമായ പ്രകടനം കൊണ്ട് മികച്ചതാക്കിയിട്ടുണ്ട്. നായികയായി വന്ന നിവേദിതക്ക് സിനിമയില്‍ വളരെ കുറച്ച് രംഗങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടി വന്നെങ്കിലും ഉപദേശിയായി അഭിനയിച്ച നെല്‍സ്ണ്‍ തന്റെ രസകരമായ പ്രകടനം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചു.

വൈ വി രാജേഷിന്റെ കഥക്കോ തിരക്കഥക്കോ കാര്യമായ കരുത്തില്ലെങ്കിലും ദ്വയാര്‍ത്ത പ്രയോഗങ്ങളും അര്‍ഥം വച്ചുള്ള സംഭാഷണങ്ങളും മലയാളികളുടെ കയ്യടി വാങ്ങാനായി ബോധ പൂര്‍വ്വം കൂട്ടിച്ചേര്‍ക്കുക വഴി തിരക്കഥാകൃത്ത് ശരാശരി മലയാളിയുടെ പള്‍സറിയുന്നയാളാണെന്ന് തെളിയിച്ചിരിക്കുന്നു. കുംഭസാരക്കൂട്ടില്‍ ഒന്നിച്ചിരുന്ന് റോമന്‍സ് ഗ്രാമത്തിലെ വേശ്യയുടെ കുംഭസാരം ആസ്വദിക്കുന്ന രംഗം തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. 

പൂമാല ഗ്രാമത്തിന്റെ പച്ചപ്പും ചാരുതയും മനോഹാരമായി അഭ്രപാളിയിലാക്കുന്നതില്‍ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപല്ലി മികവ് പുലര്‍ത്തിയിരിക്കുന്നു. എഡിറ്റിംഗിലും ശബ്ദമിശ്രണത്തിലും കാര്യമായ പിഴവുകളൊന്നുമില്ലെങ്കിലും ചില രംഗങ്ങളില്‍ കുഞ്ചാക്കോ ബോബന്റെ ശബ്ദത്തിന്  കൊഴുപ്പേകാന്‍ സൗണ്ട് ഇഫക്ട്സ് ഉപയോഗിച്ചിരിക്കുന്നത് സസൂക്ഷം ശ്രദ്ദിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. പല രംഗങ്ങളെയും രസകരമാക്കുന്നതിലൂം ഉദ്വേഗ ജനകമാക്കുന്നതിലും പശ്ചാത്തല സംഗീതത്തിന് മികവ് പുലര്‍ത്താനായെങ്കിലും റോമന്‍സിലെ ഗാനങ്ങള്‍ മികച്ചതാക്കാന്‍ എം ജയചന്ദ്രന്റെ സംഗീതത്തിന് കഴിയാതെ പോയത്   ഖേദകരമാണ്. വസ്ത്രാലങ്കാരത്തിലും ചമയത്തിലും എടുത്തു പറയത്തക്ക മികവൊന്നും പറയാനില്ലെങ്കിലും ടി ജി രവിയുടെ കഥാ പാത്രത്തെ ആകര്‍ഷകമാക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് പ്രത്യേക പരാമര്‍ശനത്തിന് അര്‍ഹമാണ്.

ഒരു ചെറിയ രംഗത്തില്‍ ഡോക്ടറായി വന്ന സംവിധായകനായ ബോബന്‍ സാമുവലിനെ പ്രേക്ഷകര്‍ ശ്രദ്ദിച്ചില്ലെങ്കിലും റോമന്‍സിലെ ഒരു നിര്‍ണ്ണായക കഥാപാത്രത്തിന്റെ ഛായാ ചിത്രം നിര്‍മ്മാതാവായ അരുണ്‍ഘോഷിന്റെതാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞില്ലെങ്കിലും തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഛായാ ചിത്രം പ്രേക്ഷക മനസ്സില്‍ പതിഞ്ഞിരിക്കുമെന്നത് തീര്‍ച്ചയാണ്.
കലാമൂല്യമോ പുതുമകളോ ഒന്നും അവകാശപ്പെടാനില്ലെങ്കിലും കുഞ്ചാക്കോ- ബിജു ജോഡിയുടെ മികച്ച പ്രകടനം കൊണ്ടും രസ്കരമായ കഥാ സന്ദര്‍ഭങ്ങള്‍ കൊണ്ടും നര്‍മ്മം തുളുന്പുന്ന സംഭാഷണങ്ങള്‍ കൊണ്ടും റോമന്‍സ് ജനങ്ങളെ ആകര്‍ഷിക്കും എന്ന് തന്നെ പറയാവുന്നതാണ്. 


2 comments:

  1. റിവ്യു വളരെ നന്നായി...

    ReplyDelete
  2. നല്ല അവലോകനം... നന്ദി

    ReplyDelete

 

Jalakam

ജാലകം

Sample Text

Bloggers.com

Bloggers - Meet Millions of Bloggers

Sample Text